പ്രതിസന്ധികളെ പുഞ്ചിരിയോടെ അഭിമുഖീകരിച്ച് പ്രതിമാസ നേട്ടം കൈവരിച്ച ആവേശത്തിലാണ് ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ. പശ്ചിമേഷ്യൻ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്ക് വഴിയുളള ചരക്ക് നീക്കത്തിലെ പ്രതിസന്ധികളും ക്രൂഡ് ഓയിലിന്റെ വിലക്കയറ്റവും രൂപയുടെ റിക്കാർഡ് തകർച്ചയും വിദേശ ധനകാര്യസ്ഥാപനങ്ങൾ സൃഷ്ടിച്ച കനത്ത വില്പനകളെയും മറികടന്ന് സെൻസക്സും നിഫ്റ്റിയും ഏഴ് ശതമാനത്തിൽ അധികം മികവ് ഏപ്രിലിൽ കാഴ്ച്ചവച്ചു. പിന്നിട്ട മാസം ബോംബെ സെൻസെക്സ് 4966 പോയിന്റും നിഫ്റ്റി സൂചിക 1666 പോയിന്റും വർധിച്ചു. പോയവാരം ഇടപാടുകൾ നാലു ദിവസങ്ങളിലായി ഒതുങ്ങിയിട്ടും ബിഎസ്ഇ സൂചിക 232 പോയിന്റും എൻ സ്ഇ 100 പോയിന്റും ഉയർന്നു.
ഒപെക്ക് കൂട്ടായ്മയിൽനിന്നുള്ള യുഎഇയുടെ പിന്മാറ്റം ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം ഉളവാക്കും. ആറ് പതിറ്റാണ്ടിലേറെ ഒപ്പെക്കിന്റെ നിർണായക ഭാഗമായിരുന്ന അവർ രംഗം വിടുന്നത് ആഗോള വിപണിയിൽ എണ്ണ വില നിർണയത്തിൽ ഒപ്പെക്കിനും ഒപ്പെക്ക് പ്ലെസിനുമുള്ള സ്വാധീനം കുറയ്ക്കും. യുഎഇ ഇനി സ്വതന്ത്രമായി ഉത്പാദന നയങ്ങൾ നിർണയിക്കുമെന്നത് ആഗോള എണ്ണ വിതരണ സമവാക്യത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാം.
ബ്രെന്റ് ക്രൂഡ് ഓയിൽ വില അഞ്ച് വർഷത്തിനിടയിലെ ഉയർന്ന നിരക്കായ 120 ഡോളർ കടന്ന് 126 വരെ കയറി. ഫെബ്രുവരിയിൽ യുഎസ് –ഇസ്രയേൽ സഖ്യം ഇറാനെ ആക്രമിച്ച വേളയിൽ ബാരലിന് 70 ഡോളറായിരുന്നു വില ഇതിനകം 80 ശതമാനം വർധിച്ചു. ആഗോള എണ്ണ വില 100 ഡോളറിനു മുകളിൽ നീങ്ങുന്നതു കനത്ത തിരിച്ചടിയാകുന്നത് ഇന്ത്യൻ രൂപയ്ക്കാണ്. എണ്ണ ഇറക്കുമതിയിൽ മുൻ നിര രാജ്യമെന്ന നിലയ്ക്ക് വിപണിയിലെ ഓരോ കുതിപ്പും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ഇടയാക്കും.
ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം സർവകാല റിക്കാർഡിലേക്ക് ഇടിഞ്ഞു. തൊട്ട് മുൻവാരം 94.22ൽ നിലകൊണ്ട വിനിമയ നിരക്ക് ഇതിനകം 95.33 വരെ ഇടിഞ്ഞ ശേഷം 94.88 ലാണ്. തുടർച്ചയായ മൂന്നാം വാരമാണു രൂപയ്ക്ക് തിരിച്ചടി നേരിടുന്നത്.
രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ഇടയിൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരിയിൽ വില്പന സമ്മർദം തുടർന്നു. പിന്നിട്ടവാരം 13,771.50 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. ഏപ്രിലിൽ വിറ്റുമാറിയത് 60,847 കോടി രൂപയുടെ ഓഹരികളാണ്. നടപ്പ് വർഷം ഫെബ്രുവരി ഒഴികെ മറ്റ് എല്ലാ മാസങ്ങളിലും അവർ വില്പനക്കാരായിരുന്നു. ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞവാരം 11,585.20 കോടി രൂപയുടെ നിക്ഷേപം നടത്തി.
വിപണിയിൽ ഊർജം, ഐടി ഓഹരികൾ നേട്ടം കാഴ്ചവച്ചപ്പോൾ ബാങ്കിംഗ് ഓഹരികൾ സമ്മർദത്തിലായിരുന്നു. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ്, ഐടി, ഫാർമ സൂചികകൾ മൂന്നു ശതമാനം ഉയർന്നു, ഹെൽത്ത് കെയർ, റിയൽറ്റി സൂചികകൾ രണ്ട് ശതമാനം നേട്ടത്തിലാണ്. ബാങ്കിംഗ് മേഖലയിലെ ദുർബലത വ്യക്തമാക്കി ബാങ്ക് ഇൻഡെക്സിനു തളർച്ച നേരിട്ടു.
നിഫ്റ്റി സൂചിക 23,897 പോയിന്റിൽ നിന്നും വാരമധ്യം 24,332 വരെ മുന്നേറി. ഈ ഉണർവിനിടയിൽ ഉടലെടുത്ത വില്പന സമ്മർദം പിന്നീട് നിഫ്റ്റിയെ 23,796ലേക്ക് തളർത്തിയെങ്കിലും വ്യാപാരാന്ത്യം 23,997 പോയിന്റിലാണ്. ഈ വാരം നിഫ്റ്റിക്ക് ആദ്യ പ്രതിരോധം 24,286ലാണ്. ഇത് മറികടന്നാൽ 24,577 വരെ മുന്നേറാനാകും. അതേസമയം, വില്പന സമ്മർദമുണ്ടായാൽ സൂചിക 23,751ലേക്കും തുടർന്ന് 23,505ലേക്കും പരീക്ഷണം നടത്താം.
സെൻസെക്സ് മുൻവാരത്തിലെ 76,681 പോയിന്റിൽനിന്നും ഒരു വേള 77,978 വരെ ഉയർന്ന ശേഷമുള്ള സാങ്കേതിക തിരുത്തലിൽ 76,258 പോയിന്റിലേക്ക് തളർന്നെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ 76,913ലാണ്. വിപണിയുടെ ആദ്യ പ്രതിരോധം 77,841 പോയിന്റിലാണ്. ഇത് മറികടന്നാൽ 78,769നെ ലക്ഷ്യമാക്കി നീങ്ങാം. പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ സെൻസെക്സിന് 76,121ൽ ആദ്യ സപ്പോർട്ട് പ്രതീക്ഷിക്കാം, ഇത് നഷ്ടമായാൽ തിരുത്തൽ 75,329 പോയിന്റ് വരെ നീങ്ങാൻ ഇടയുണ്ട്.
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണ വില കുറഞ്ഞു. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിനു 4708 ഡോളറിൽ നിന്ന് 4600ലെ സപ്പോർട്ട് തകർത്ത് 4512ലേക്ക് ഇടിഞ്ഞ ശേഷം 4656 ഡോളറിലേക്ക് തിരിച്ചുവരവ് കാഴ്്ചവച്ചു. വാരാന്ത്യം മഞ്ഞലോഹം 4614 ഡോളറിലാണ്.